LOCAL NEWS
വിദ്യാഭ്യാസ വായ്​പ: കേരളം രണ്ടാമത്​
14 AUG, 2018 - 05:38 AM

തൃശൂർ: വിദ്യാഭ്യാസ വായ്പ വിതരണത്തിൽ കേരളത്തിലെ ബാങ്കുകൾക്ക് രണ്ടാം സ്ഥാനം. മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷം 99,314 വിദ്യാർഥികൾക്കാണ് സംസ്ഥാനത്തെ ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നൽകിയത്. ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം തമിഴ്നാടിനാണ്. ഒന്നര ലക്ഷം വിദ്യാർഥികളാണ് കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ വിദ്യാഭ്യാസ വായ്പയെടുത്തത്. 90,630 വിദ്യാർഥികൾക്ക് വായ്പ കൊടുത്ത കർണാടകയിലെ ബാങ്കുകളാണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനാണ് ഇൗ കണക്കുകൾ പുറത്തുവിട്ടത്. വിദ്യാഭ്യാസ വായ്പയുടെ നടപടിക്രമങ്ങൾ ലഘൂകരിക്കാനും സുതാര്യമാക്കാനും 2015 ആഗസ്റ്റ് 15ന് കേന്ദ്ര സർക്കാർ 'വിദ്യാലക്ഷ്മി പോർട്ടൽ'ആവിഷ്കരിച്ചതോടെ വായ്പക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടെന്നാണ് െഎ.ബി.എ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ കുട്ടികളാണ് മുന്നിൽ. കേന്ദ്ര ധനകാര്യ സേവന വിഭാഗം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, മനുഷ്യ വിഭവശേഷി വികസന വകുപ്പ്, ഇന്ത്യൻ ബാങ്ക് അസോസിയേഷൻ എന്നിവ സഹകരിച്ചാണ് വായ്പ അപേക്ഷക്ക് ഇൗ ഏക ജാലക സംവിധാനം കൊണ്ടുവന്നത്. 22 ഇനം വിദ്യാഭ്യാസ വായ്പകൾക്ക് ഇതിലൂടെ അപേക്ഷിക്കാം. അപേക്ഷിക്കാനും അപേക്ഷയിലുള്ള പുരോഗതി അറിയാനും പോർട്ടൽ സഹായിക്കും. വിദ്യാഭ്യാസ വായ്പ വിതരണത്തിൽ മുന്നിൽ രാജ്യത്തെ പൊതുമേഖല ബാങ്കുകളാണ്. എല്ലാ ബാങ്കുകളും ചേർന്ന് നൽകിയ വിദ്യാഭ്യാസ വായ്പയിൽ 91.5 ശതമാനവും പൊതുമേഖല ബാങ്കുകളുടെ വിഹിതമാണ്. കഴിഞ്ഞവർഷം 7.86 ലക്ഷം വിദ്യാർഥികൾക്ക് ആകെ 13,470 കോടി രൂപ നൽകി. അതേസമയം, വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടം കൂടുന്നുവെന്നും െഎ.ബി.എ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ മാർച്ച് 31 വരെ ആകെ വിദ്യാഭ്യാസ വായ്പ 71,724.65 കോടി രൂപയാണ്. ഇതിൽ 6434.62 കോടി രൂപ കിട്ടാക്കടമായി. 2016ൽ 7.31 ശതമാനമായിരുന്ന കിട്ടാക്കടം 2017ൽ 7.67 ശതമാനവും 2018ൽ 8.97 ശതമാനവുമായി ഉയർന്നു.

Related news

Other news